ഫോർട്ടുകൊച്ചി: കൊച്ചി ഫിഷറീസ് ഹാർബറിൽ പി.എന്‍ വിഭാഗം കയറ്റിറക്ക് തൊഴിലാളികൾക്കുള്ള കൂലിയെ ചൊല്ലി തൊഴിലാളി യൂണിയനും പേഴ്സിൻ നെറ്റ് ബോട്ടുടമ അസോസിയേഷനും തമ്മിലുള്ള തർക്കത്തില്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ഇന്നലെ വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു.
ഇരുവിഭാഗവും തമ്മില്‍ സമവായത്തില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്. നേരത്തേ വിഷയത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഇറക്കിയ ഉത്തരവില്‍ ആകെ മത്സ്യബന്ധനത്തിന്റെ ഒരു ശതമാനം തൊഴിലാളികള്‍ക്ക് വേതനമായി നല്‍കണമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ തൊഴിലാളി യൂണിയന് തയാറായില്ല. ജില്ലാ ലേബര്ഓഫീസറുടെ ഉത്തരവിനെതിരെ യൂണിയന് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ക്ക് നല്കിയ അപ്പീലിലാണ് ഇന്നലെ യോഗം വിളിച്ചത്. ആകെ മത്സ്യബന്ധനത്തിന്റെ രണ്ടു ശതമാനം കൂലിയായി നല്‍കണമെന്ന നിലപാടിലാണ് യൂണിയന്.
ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്തെങ്കില്‍ മാത്രമേ വിഷയം പരിഹരിക്കാന്‍ കഴിയൂവെന്നാണ് വിലയിരുത്തല്‍. പുതിയ സീസണ് തുടങ്ങുമ്പോള്‍ രണ്ടു ശതമാനം കൂലി നല്‍കാത്ത ബോട്ടുകളിലെ മത്സ്യം ഇറക്കില്ലെന്ന നിലപാടാണ് യൂണിയന്റേത്.
തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴി മാറുമോയെന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്.
പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം മുഹമ്മദ് ഷിയാസ് എംഎല്‍എ, കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ വ്യവസായ സംരക്ഷണ സമിതി ചെയര്മാന് എ.എം. നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.